Wednesday, January 13, 2010

വില്ലേജാഫീസില്‍

"അല്ല ഡോക്ടറെ , നിങ്ങള്‍ ഈ വര്‍ഷത്തെ പീ ജി എന്ട്രന്‍സ് എഴുതുന്നില്ലേ?"
ചോദ്യം നല്ല പാതി നാസിന്റെതാണ്..അവള്‍ ഇവിടെ അടുത്ത് ഒരു ക്ലിനിക്കില്‍ ജോയിന്‍ ചെയ്തതെയുള്ളൂ...

'ആ എഴുത്ണ്ടല്ലോ?'
"എന്നാ ഓണ്‍ലൈന്‍ അപേക്ഷിച് വില്ലേജോഫീസില്‍ പോയി ഇന്‍കം നേറ്റിവിറ്റി കമ്മ്യൂണിട്ടി സര്‍ട്ടിഫിക്കെറ്റെല്ലാം ഉണ്ടാക്കാന്‍ നൊക്കീ..."

23 ആം തിയ്യതിക്ക് മുമ്പേ അപേക്ഷ കമ്മീഷ്ണറുടെ ഓഫീസില്‍ എത്തണം...എക്സാമിനുള്ള തെയ്യാറെടുപ്പ് ആയത് കൊണ്ട് കുറെ നാളായി ലീവിലാണ്...പണിയില്ലാണ്ട് പൊത്തകവും ആയിട്ട് ഇരിക്കണ്...അത്ര തന്നെ...

അപേക്ഷാ ഫോം ഓണ്‍ലൈന്‍ സമര്‍പ്പണം കഴിഞ്ഞ അതിന്‍റെ പ്രിന്റും കൂടെ ഒരു കൂട്ടം സര്‍ട്ടിഫിക്കട്ടും ഡൌണ്‍ ലോഡ് ചെയ്ത് തയ്യാറെടുത്തു... ഇന്‍കം നേറ്റിവിറ്റി കമ്മ്യൂണിട്ടി.. എന്‍റെ ദൈവമേ!!!!!!!

എന്നാ ഇന്ന് തന്നെ പോയേക്കാം വില്ലേജോഫീസില്‍..എന്തൊക്കെ വേണ്ടി വരും....എല്ലാത്തിനും ഓരോ അപേക്ഷ...റേഷന്‍ കാര്‍ഡ്....ഐടെന്റിറ്റി കാര്‍ഡ്..നികുതിയടച്ച രസീത്... ആധാരം.... ഹെന്റമ്മേ...

കുറെ കാലമായി റേഷന്‍ കാര്‍ഡൊക്കെ ഒന്ന് തുറന്നു നോക്കീട്ട് ...ചട്ടയൊക്കെ കൊള്ളാം...പുതിയ റേഷന്‍ കാര്‍ഡ് ... 05 അംഗ കുടുംബത്തിന്റെ മാസ വരുമാനം 380 രൂപ... കൊള്ളാം!!!!!!!!!!!!!

ആ... എന്തേലും ആവട്ടെ ഓഫീസില്‍ പോയി നോക്കാം....

08 .01 .2010 വെള്ളി...

പണിയില്ലാത്തോണ്ട് നേരത്തെ കുളിച്ച കുട്ടപ്പനായി 11 .00 മണിയോട് കൂടി വില്ലേജോഫീസില്‍ എത്തി... ഓഫീസറുടെ കസേര ഒഴിഞ്ഞ കെടക്കണ്...അവിടെ മറ്റൊരു കസേരയില്‍ ചാഞ്ഞിരിക്കുന്നമാന്യനോട് ചോദിച്ചു...

'വില്ലെജോഫീസര്‍?'
"ഇല്ല..."
'എപ്പോ വരും?'
"ഇന്ന് വരില്ല..."
'നാളെയുണ്ടാവുമോ?'
"ഇല്ല....രണ്ടാം ശനി.."
'തിങ്കളാഴ്ചയോ?'
"ആ... ഉണ്ടാവും.."

ഹാവൂ..സമാധാനമായി...ഇനിയിപ്പോ ഇവിടെ കാത്തിരിക്കണ്ട...വീട്ടില്‍ പോയേക്കാം...പോവുന്ന വഴി SBT യില്‍ കയറി ആയിരം രൂപയുടെ ചലാനും അടച്ചു..

11 .01 .2010 തിങ്കള്‍


വീണ്ടും പഴയ പരിപാടികള്‍... വില്ലേജോഫീസില്‍ .. പുറത്ത് തിരക്കൊന്നും ഇല്ല,,, വേഗം സര്ടിഫിക്കട്ടും വാങ്ങി പോകാം...വേഗം അകത്ത് കയറി... ഓഫീസര്‍ എത്തീട്ടില്ല...

ഒരു അര മണിക്കൂര്‍ കാത്തിരുന്നു..അര മാറി ഒന്നായി... ഒന്നരയായി...രണ്ടായി...

പഴയ കസേരയില്‍ വീണ്ടും പഴയ മാന്യന്‍...

'വില്ലെജോഫീസര്‍?'
"ഇന്ന് വരില്ല.."
'അല്ല ഞാന്‍ മിനിയാന്ന് വന്നിരുന്നു?'
"അതിനു?"
'അല്ല..ഞാന്‍ ഒരു ഡോക്ടര്‍ ആണ്..എനിക്ക് ഒരു സര്ടിഫിക്കട്ട് വേണമായിരുന്നു...'
"ആ ഇന്ന് വില്ലേജ് ഓഫീസര്‍ ഒരു കോണ്‍ഫറാന്‍സിന് പോയേക്കുവാ..."
'കോണ്‍ഫറാന്‍സു ഇന്ന് തീരുമാനിച്ചതാണോ?'
"ആ എനിക്കറിയില്ല...നാളെ വന്നൊളൂ...."

12 .01 .2010 ചൊവ്വ

വീണ്ടും ഉടുത്തൊരുങ്ങി വില്ലേജോഫീസില്‍.. മുറ്റത്തെത്തിയപ്പോഴേ ഞെട്ടി,... ആളുകളുടെ വരി ഓഫീസും കഴിഞ്ഞ റോഡിലേക്ക്... പുറകിലായി ഞാനുംനിന്നു...

അങ്ങനെ എന്‍റെ ഊഴം എത്തി...
"എന്തെ?"
'ഒരു സര്ടിഫിക്കട്ട് വേണം, പരീക്ഷക്ക്...'
അപേക്ഷ വായിച്ച കഴിഞ്ഞു ഓഫീസര്‍, "ഡോക്ടരാ അല്ലെ...ഇപ്പൊ പ്രാക്ടീസ് ചെയ്യുന്നുണ്ടോ?"

'ഇല്ല...'

ഞാന്‍ ഇരിക്കാന്‍ ഒരു കസേര നോക്കി..ഇല്ല..ഒരു കസേരയും ഇല്ല... ഞാന്‍ അയാളുടെ മുന്നില്‍ ഭവ്യതയോടെ നിന്നു...

"ആ...പ്രാക്ടീസ് ചെയ്യുന്നില്ല എന്നും പറഞ്ഞു ഒരു വെള്ള പേപ്പറില്‍ എഴുതി തരണം ,,,പിന്നെ,,, ആ,,,ആദ്യം അത് എഴുതീട്ട് കാണിക്കൂ..."

ഞാന്‍ പുറത്തേക്ക് നടന്നു...ഇനി അതിന്‍റെ ഫോര്‍മാറ്റ് എവിടുന്നു കിട്ടും... അവസാനം ഒരു മണിക്കൂര്‍ തപ്പി പിടിച്ച ഒരു ഫോര്‍മാറ്റ് കിട്ടി...

............................... താലൂക്കില്‍ ..................വില്ലേജില്‍...................... അംശം.....................ദേശത്ത് താമസിക്കുന്ന ................................എന്നയാളുടെ മകന്‍ ...........................എന്ന ഞാന്‍ വില്ലെജോഫീസരുടെ മുമ്പാകെ ചെയ്യുന്ന സത്യ പ്രസ്താവന...

അവസാനം എഴുതി തീര്‍ത്തു..പക്ഷെ വരിയുടെ മുന്നിലേക്ക് ആരെയും കടത്തി വിടുന്നില്ല...വീണ്ടും പുറകില്‍... സമയം വൈകി... ഓഫീസര്‍ ഉച്ച ഭക്ഷണത്തിന് പോയി...
ഇനിയിപ്പോ നാളെ വരാം...

13 .01 .2010 ബുധന്‍

സമയം 10 .00 മണി...ഓഫീസര്‍ എത്തീട്ടില്ല... കാത്തിരുന്നു..
11 .00 മണി.... എത്തിയിട്ടില്ല ...വീണ്ടും പഴയ മാന്യന്‍റെ അടുത്തേക്ക്...
"വരും..."

സമയം 11 .30 ...ആളെത്തി...

ഇന്ന് വല്യ തിരക്കില്ല..എന്‍റെ ഊഴം എത്തി..വീണ്ടും ഭവ്യതയോടെ നിന്നു..ആവശ്യം എന്റെതാണല്ലോ...
"ആ..ആരാ ഈ ഫോം പൂരിപ്പിച്ചത്?"
'ഞാന്‍ തന്നെയാ...'
"ഹൂം...ഇത് ഞങ്ങള്‍ ചെയ്യേണ്ട പണിയാ..."

വീണ്ടും തിരിച്ചും മറിച്ചും നോക്കുന്നു...
"താങ്കളുടെ ഉപ്പ ഏതു വില്ലെജിലാ..."
'ഇവിടെ തന്നെ...'
"ഉമ്മയോ?"
'ഈ വില്ലേജില്‍ തന്നെ...'
"ഡോക്ടര്‍ കല്യാണം കഴിച്ചതാണോ?"
'അതെ...'
"അവര്‍ ഏതു വില്ലെജിലാ? ജോലിയുണ്ടോ?"

ഇനിയിപ്പോ ജോലി ഉണ്ടെന്നു പറഞ്ഞാല്‍ ശമ്പള സര്ടിഫിക്കെട്ട് വേണ്ടി വരും...ഒരാഴച്ചയെ ആയുള്ളൂ ജോലി ചെയ്യാന്‍ ...അതോണ്ട് ഞാന്‍ പറഞ്ഞു...

'ജോലി ഇല്ല... ഈ വില്ലേജില്‍ അല്ല...അടുത്ത വില്ലേജിലാ...'

"എന്നാ ഞാന്‍ ആ വില്ലേജിലെക്ക് ഒരു എഴുത്ത് തരാം...അവിടുത്തെ ഓഫീസര്‍ അവിടെ സ്വത്തൊന്നും ഇല്ലാ എന്ന് പറഞ്ഞ ഒരു ലെറ്റര്‍ തരും..അതുമായി വാ...എന്നിട്ട് തരാം സര്ടിഫിക്കെട്ട് ...."

എന്‍റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു.... ഞാന്‍ മാന്യമായി പറഞ്ഞു...

'സാര്‍ എനിക്ക് സര്ടിഫിക്കെട്ട് വേണ്ട...ഒരാഴച്ചയായി ഞാന്‍ ഇതിനു നടക്കുന്നു...ഇനിയിപ്പോ പരീക്ഷയും എഴുതുന്നില്ല... '
ഞാന്‍ ആ ഫോം വലിച്ച കീറി വീട്ടിലേക്ക് നടന്നു...

എന്ട്രന്‍സ് എക്സാം എഴുതാന്‍ എന്തിനാ ഇത്രേം സര്ടിഫിക്കട്ട് ‌...പ്രവേശനം കിട്ടീട്ട് പോരെ?